at-Takwir (التَّكْوِير)

C. Abdul Hameed & K. Parappur - C. Abdul Hameed & K. Parappur

Chapter 81 • 29 verses • Meccan

← Previous Chapter Next Chapter →
81:1 സൂര്യന്‍ ചുറ്റിപ്പൊതിയപ്പെടുമ്പോള്‍,
81:2 നക്ഷത്രങ്ങള്‍ ഉതിര്‍ന്നു വീഴുമ്പോള്‍,
81:3 പര്‍വ്വതങ്ങള്‍ സഞ്ചരിപ്പിക്കപ്പെടുമ്പോള്‍,
81:4 പൂര്‍ണ്ണഗര്‍ഭിണികളായ ഒട്ടകങ്ങള്‍ അവഗണിക്കപ്പെടുമ്പോള്‍,
81:5 വന്യമൃഗങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുമ്പോള്‍,
81:6 സമുദ്രങ്ങള്‍ ആളിക്കത്തിക്കപ്പെടുമ്പോള്‍,
81:7 ആത്മാവുകള്‍ കൂട്ടിയിണക്കപ്പെടുമ്പോള്‍,
81:8 ( ജീവനോടെ ) കുഴിച്ചു മൂടപ്പെട്ട പെണ്‍കുട്ടിയോടു ചോദിക്കപ്പെടുമ്പോള്‍,
81:9 താന്‍ എന്തൊരു കുറ്റത്തിനാണ്‌ കൊല്ലപ്പെട്ടത്‌ എന്ന്‌.
81:10 ( കര്‍മ്മങ്ങള്‍ രേഖപ്പെടുത്തിയ ) ഏടുകള്‍ തുറന്നുവെക്കപ്പെടുമ്പോള്‍.
81:11 ഉപരിലോകം മറ നീക്കികാണിക്കപ്പെടുമ്പോള്‍
81:12 ജ്വലിക്കുന്ന നരകാഗ്നി ആളിക്കത്തിക്കപ്പെടുമ്പോള്‍.
81:13 സ്വര്‍ഗം അടുത്തു കൊണ്ടുവരപ്പെടുമ്പോള്‍.
81:14 ഓരോ വ്യക്തിയും താന്‍ തയ്യാറാക്കിക്കൊണ്ടു വന്നിട്ടുള്ളത്‌ എന്തെന്ന്‌ അറിയുന്നതാണ്‌.
81:15 പിന്‍വാങ്ങിപ്പോകുന്നവയെ ( നക്ഷത്രങ്ങളെ ) ക്കൊണ്ട്‌ ഞാന്‍ സത്യം ചെയ്തു പറയുന്നു.
81:16 സഞ്ചരിച്ചുകൊണ്ടിരിക്കുന്നവയും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നവയും
81:17 രാത്രി നീങ്ങുമ്പോള്‍ അതു കൊണ്ടും,
81:18 പ്രഭാതം വിടര്‍ന്ന്‌ വരുമ്പോള്‍ അതു കൊണ്ടും ( ഞാന്‍ സത്യം ചെയ്തു പറയുന്നു. )
81:19 തീര്‍ച്ചയായും ഇത്‌ ( ഖുര്‍ആന്‍ ) മാന്യനായ ഒരു ദൂതന്‍റെ വാക്കാകുന്നു.
81:20 ശക്തിയുള്ളവനും, സിംഹാസനസ്ഥനായ അല്ലാഹുവിങ്കല്‍ സ്ഥാനമുള്ളവനുമായ ( ദൂതന്‍റെ )
81:21 അവിടെ അനുസരിക്കപ്പെടുന്നവനും വിശ്വസ്തനുമായ ( ദൂതന്‍റെ )
81:22 നിങ്ങളുടെ കൂട്ടുകാരന്‍ ( പ്രവാചകന്‍ ) ഒരു ഭ്രാന്തനല്ല തന്നെ,
81:23 തീര്‍ച്ചയായും അദ്ദേഹത്തെ ( ജിബ്‌രീല്‍ എന്ന ദൂതനെ ) പ്രത്യക്ഷമായ മണ്ഡലത്തില്‍ വെച്ച്‌ അദ്ദേഹം കണ്ടിട്ടുണ്ട്‌.
81:24 അദ്ദേഹം അദൃശ്യവാര്‍ത്തയുടെ കാര്യത്തില്‍ പിശുക്ക്‌ കാണിക്കുന്നവനുമല്ല.
81:25 ഇത്‌ ( ഖുര്‍ആന്‍ ) ശപിക്കപ്പെട്ട ഒരു പിശാചിന്‍റെ വാക്കുമല്ല.
81:26 അപ്പോള്‍ എങ്ങോട്ടാണ്‌ നിങ്ങള്‍ പോകുന്നത്‌?
81:27 ഇത്‌ ലോകര്‍ക്ക്‌ വേണ്ടിയുള്ള ഒരു ഉല്‍ബോധനമല്ലാതെ മറ്റൊന്നുമല്ല.
81:28 അതായത്‌ നിങ്ങളുടെ കൂട്ടത്തില്‍ നിന്ന്‌ നേരെ നിലകൊള്ളാന്‍ ഉദ്ദേശിച്ചവര്‍ക്ക്‌ വേണ്ടി.
81:29 ലോകരക്ഷിതാവായ അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുകയില്ല.